തിരുവനന്തപുരം : ഐഎൻഎല്ലിലെ ഗ്രൂപ്പ് പോരിന്റെയും സർക്കാരിന്റെ പ്രതിഛായക്ക് കളങ്കമുണ്ടാക്കുന്ന വിധത്തിൽ ഐഎൻഎൽ നേതാക്കൾക്കും മന്ത്രിക്കും എതിരെ ആരോപണങ്ങൾ ഉയരുന്നതിന്റെയും പശ്ചാത്തലത്തിൽ ഐഎൻഎൽ നേതാക്കളെ എകെജി സെന്ററിലേക്ക് വിളിപ്പിച്ച് സിപിഎം മുന്നറിയിപ്പ് നൽകി.
ഐഎൻഎൽ സംസ്ഥാന പസിഡണ്ട് അബ്ദുൾ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എൻ.കെ.അബ്ദുൾ അസീസ് തുടങ്ങിയവർ സിപിഎം നേതൃത്വവുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
മുന്നണിക്കു കളങ്കം ഉണ്ടാകാതിരിക്കേണ്ടത് തങ്ങളുടെ കൂടി ബാധ്യതയാണെന്ന് ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ പാർട്ടി പ്രസിഡണ്ട് അബ്ദുൾ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. പാർട്ടിയെയും നേതാക്കളെയും പ്രതിക്കൂട്ടിലാക്കുന്ന വിധത്തിൽ ഉയരുന്ന ആരോപണങ്ങൾ വ്യാജവും ബാലിശവും അസംബന്ധവുമാണെന്നും അവർ പറഞ്ഞു.