പനാജി : കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കര്‍മാലി (ഓൾഡ് ഗോവ) റെയില്‍വേ സ്റ്റേഷനു സമീപം ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. കർമാലി - തിവിം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലെ തുരങ്കത്തിനകത്താണു മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതോടെ ഇതുവഴി ഇരു ദിശയിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
കേരളത്തിലേക്ക് വരുന്ന ദീർഘദൂര ട്രെയിനുകൾ അടക്കം നിരവധി ട്രെയിനുകൾ വഴിയിൽ കുടുങ്ങി. മണ്ണു നീക്കി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടെയും തുരങ്കത്തിന്റെ മുകള്‍ ഭാഗത്തു നിന്ന് മണ്ണ് ഇളകി വീണത് പ്രവൃത്തി വൈകിപ്പിച്ചു.
ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഇന്നലെ പകല്‍ കൊങ്കണ്‍ മേഖലയിലേക്കുള്ള വിവിധ ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ നിന്നും തിരിച്ചുള്ളവ പനവേലില്‍ നിന്നും വഴി തിരിച്ചു വിട്ടു. ഇന്നു പുലര്‍ച്ചെയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്ന് കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.