മംഗളൂരു : യുവാക്കൾക്കായി പരമാവധി തൊഴിലവരം സൃഷ്ടിക്കുകയാണു തന്റെ ലക്ഷ്യമെന്ന് കേന്ദ്ര ശേഷി വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്, ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ. ബിജെപി ജനാശീർവാദ യാത്രയുടെ ഭാഗമായി മംഗളൂരുവിലെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. മംഗളൂരുവിൽ ഐടി പാർക് സ്ഥാപിക്കാൻ നടപടി സ്വകരിക്കുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ യുവത്വത്തിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുനായി പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കും. വിവര സാങ്കേതിക വിദ്യക്ക് രാജ്യത്ത് വലിയ സാധ്യതയാണുള്ളത്. ഇതു പ്രയോജനപ്പെടുത്താൻ കഴിയണം. കോവിഡ് ഭീതി ഒഴിയുന്നതോടെ ഐടി മേഖല മെച്ചപ്പെടുത്താൻ കഴിയും. മംഗളൂരുവിൽ ഐടി പാർക്ക് അനുവദിക്കണമെന്ന് നളിൻ കുമാർ കട്ടീൽ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സാധ്യമായതു ചെയ്യും.
രാജ്യത്തെ 5,000 ഗ്രാമങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിടുന്നതാണു ഭാരത്നെറ്റ് പദ്ധതി. ഇന്റർനെറ്റ് അനിവാര്യമാണെന്നു കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണു പദ്ധതി തയാറാക്കിയത്. പരവാവധി ആളുകളിലേക്ക് ഇതെത്തിക്കാൻ സാധിക്കണം. 5000 ഗ്രാമങ്ങൾ എന്ന ലക്ഷ്യം മറികടന്ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇന്റർനെറ്റ് എത്തിക്കാൻ സാധിക്കണം.- മന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡണ്ട് നളിൻ കുമാർ കട്ടീൽ എംപി, ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി എസ്.അങ്കാറ, ബിജെപി ജില്ലാ പ്രസിഡണ്ട് സുദർശൻ മൂടബിദ്രി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.