മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാരുടെ തിരക്കേറുന്നു.കോവിഡ് വ്യാപനത്താല്‍ മാസങ്ങളോളം അടച്ചിട്ട വിമാനത്താവളം കഴിഞ്ഞ ജൂണിലാണ് തുറന്നത്.ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മാത്രം നടത്തിയിരുന്ന ഇവിടെ ബുധനാഴ്ച മുതല്‍ ദുബായിലേക്കും സര്‍വ്വീസ് പുനരാരംഭിച്ചു.യാത്രക്കാര്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള റാപ്പിഡ് ആര് ടി പി സി ആര് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയാണ് മംഗളൂരു വിമാനത്താവളത്തില്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്.ഇതോടെ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാരുടെ തിരക്കും അനുഭവപ്പെട്ടുതുടങ്ങി.
ഓഗസ്റ്റ് ഒന്നുമുതല്‍ 15 വരെ 12,717 യാത്രക്കാരാണ് മംഗളൂരു വിമാനത്താവളം വഴി ആകാശയാത്ര നടത്തിയത്.13,924 പേര് ഇന്ത്യയുടെ വിവിദ ഭാഗങ്ങളില്‍ നിന്നായി ഇവിടെ വന്നിറങ്ങുകയും ചെയ്തു.ജൂണില്‍ ഇത് വെറും 4989 പേരായിരുന്നു മംഗളൂരു വിമാനത്താവളം വഴി യാത്രചെയ്തത്.ജൂലായിയില്‍ ഇത് 7784 ആയി ഉയര്‍ന്നതായി വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.ഓഗസ്റ്റില്‍ ഇനിയും യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് സൂചന.
എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ആണ് ബുധനാഴ്ച മുതല്‍ ദുബായിലേക്ക് സര്‍വ്വീസ് ആരംഭിച്ചത്.ഈ യാത്രക്കാര്‍ക്കായി പ്രത്യേക ആര് ടി പി സി ആര് പരിശോധനാ കൗണ്ടറും വിമാനത്താവളത്തില്‍ തുറന്നിട്ടുണ്ട്.അപ്പോളോ ഡൈഗ്നോസ്റ്റിക്സുമായി സഹകരിച്ചു നടത്തുന്ന കോവിഡ് പരിശോധനാകേന്ദ്രത്തില്‍ ആറുമണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തി ഫലം ലഭ്യമാക്കും.