മംഗളൂരു : കോവിഡ് നിയന്ത്രണത്തിനുള്ള കർശന നിയന്ത്രണങ്ങളോടെ ദക്ഷിണ കന്നഡ ജില്ലയിൽ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി (പിയു) ഓഫ് ലൈൻ ക്ലാസുകൾ നവംബർ 1 മുതൽ ആരംഭിക്കും. പ്രവേശന നടപടികൾ പൂർത്തിയാക്കി ഒന്നാം വർഷ പിയു ക്ലാസുകൾ 15ന് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള വിദ്യാർഥികളും ജീവനക്കാരും ഹോസ്റ്റലിൽ എത്തിയാൽ ഒരാഴ്ച ക്വാറന്റൈനിൽ കഴിയണം. തുടർന്ന് ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ഓഫ് ലൈൻ ക്ലാസിൽ പ്രവേശനം അനുവദിക്കൂ. ഇവരെ ക്വാറന്റൈൻ ചെയ്യാനുള്ള കോവിഡ് പരിചരണ കേന്ദ്രങ്ങൾ കോളജ് ഏർപ്പെടുത്തണം. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഓൺലൈൻ ക്ലാസ് ഒരുക്കണം. കേരളത്തിൽ നിന്നുള്ള നിത്യേന പോയി വരുന്ന വിദ്യാർഥികളും ജീവനക്കാരും രണ്ടു ഡോസ് വാക്സിൻ എടുത്തവർ ആണെങ്കിൽ പോലും ആഴ്ചയിൽ ഒരിക്കൽ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വീടുകളിൽ പോയി വരുന്നവർക്കും ഹോസ്റ്റലിൽ താമസിക്കുന്നവർക്കും വെവ്വേറെയായി വേണം ഓഫ്ലൈൻ ക്ലാസുകൾ നടത്താൻ. നിർദേശങ്ങൾ പാലിക്കുന്നുവെന്ന് പ്രിൻസിപ്പൽമാർ ഉറപ്പു വരുത്തണം. പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ച് കോളജുകൾ സന്ദർശിച്ചു പരിശോധനയും നടത്തും. ഒന്നാം വർഷ ക്ലാസുകൾ 15 മുതൽ ആരംഭിക്കാം. എന്നാൽ, ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിന് പിയു ഡപ്യൂട്ടി ഡയരക്ടറിൽ നിന്ന് അനുമതി വാങ്ങണം.