മുംബൈ : കല്യാണം ഇപ്പോ വേണ്ടെന്നു പറഞ്ഞ് നീട്ടുന്നവര്‍ ഇത് വായിക്കാതെ പോകരുത്. പ്രായം കൂടുന്തോറും പ്രത്യുല്പാദനത്തെ ബാധിക്കുമെന്നാണ് പഠനം. പുരുഷന്മാരില് നാല്പതുകളുടെ മധ്യത്തിൽ പ്രത്യുൽപാദനക്ഷമതയും 55 വയസിന് ശേഷം ബീജത്തിന്റെ ഗുണനിലവാരവും കുറയുന്നതാണ് പുതിയ കണ്ടെത്തല്‍.
ഓസ്ട്രേലിയയിലെ പ്രമുഖ ഐവിഎഫ് ക്ലിനിക്കായ ജെനിയയിൽ നിന്നുള്ള ഗവേഷകരുടെതാണ് ഈ കണ്ടെത്തൽ. ബീജങ്ങളുടെ ഗുണനിലവാരം എപ്പോൾ കുറയുമെന്നറിയാൻ 40,000 ബീജ സാമ്പിളുകൾ വിശകലനം ചെയ്തു. പ്രായം കൂടുന്തോറും ബീജത്തിന്റെ ഗുണനിലവാരത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തിയതായി ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. ചെറിൽ ഫുവ പറഞ്ഞു.
ബീജ ചലനശേഷി, ഡിഎൻഎ വിഘടനം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പഠനത്തിൽ വിശകലനം ചെയ്തു. ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ദമ്പതികൾക്ക് ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ഗർഭം അലസലിനുള്ള സാധ്യത കൂട്ടുകയും കുഞ്ഞിന് ഓട്ടിസം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി ഡോ. ചെറിൽ പറഞ്ഞു. വന്ധ്യതയുടെ 40 ശതമാനം വരെ പുരുഷ പ്രത്യുൽപാദന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാർ പ്രായമാകുന്തോറും ബീജ ഡിഎൻഎ കൂടുതൽ വിഘടിക്കുന്നതായി ഗവേഷകർ പറയുന്നു. 30നും 35 നും വയസിനിടയിലാണ് ശുക്ലത്തിന്റെ അളവ് ഏറ്റവും ഉയർന്ന അളവിൽ കാണുന്നതെന്ന് വിദഗ്ധർ പറയുന്നു. ദിവസവും വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകവലി ഒഴിവാക്കുക തുടങ്ങിയവയിലൂടെ ബീജത്തിന്റെ അളവ് കൂട്ടാനാകുമെന്നും ഗവേഷണത്തില്‍ കണ്ടെത്തി.