ബെൽത്തങ്ങാടി: ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപികയോട് ഒരു ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ബല്‍ത്തങ്ങടി സുൽക്കേരി വില്ലേജിലെ അത്രിഞ്ച സ്വദേശി അശ്വത് ഹെബ്ബാറിനെ(23) ആണ് വേണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ടെലിഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണു ഭീഷണിപ്പെടുത്തി പണം തട്ടിയത്.
വ്യാജ പേരില്‍ ഉണ്ടാക്കിയ ടെലഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സുൽക്കേരി പേരോടിക്കാട്ടെ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ജ്യോതിയോട് മൂന്ന് ലക്ഷം രൂപയാണ് അശ്വത് ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ജ്യോതി വേണൂർ പോലീസിൽ നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ സിനിമാ സ്റ്റൈല്‍ നീക്കത്തിലാണ് പ്രതി പിടിയിലായത്.
പൊലീസ് നിര്‍ദേശിച്ചത് അനുസരിച്ച്, ഒരു ലക്ഷം രൂപ നൽകാമെന്ന് ജ്യോതി പ്രതിയോട് പറഞ്ഞു. ആദ്യം ആലടങ്ങാടിയില് താന്‍ നിര്‍ദേശിച്ച സ്ഥലത്ത് പണം എത്തിക്കാന്‍ പ്രതി ആവശ്യപ്പെട്ടു. പിന്നീട് മൂന്ന് നാല് തവണ സ്ഥലം മാറ്റി. ഒടുവിൽ, ഷിർലാലുവിലെ സവനലു ക്രോസിന് സമീപം പണം വയ്ക്കാൻ പ്രതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ജ്യോതി പണമടങ്ങിയ ബാഗ് ഇയാള്‍ പറഞ്ഞ സ്ഥലത്ത് വച്ചു. ഇരുചക്രവാഹനത്തിൽ എത്തിയ പ്രതി സംഭവസ്ഥലത്ത് നിന്ന് ബാഗ് എടുത്തിനു പിന്നാലെ സമീപത്ത് ഒളിച്ചിരുന്ന പൊലീസ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പ്രതിയുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത പോലീസ് അർദ്ധരാത്രിയിൽ ഗുണ്ടേരിയി ജ്യേഷ്ഠന്റെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന അശ്വിതിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയിൽ നിന്ന് ബൈക്കും ഒരു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.