പാട്ന: അബോധാവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ എത്തിച്ച രോഗിക്ക് യൂറിൻ ബാഗിനു പകരം ഉപയോഗിച്ചത് ശീതള പാനീയമായ സ്പ്രൈറ്റിന്റെ കുപ്പി. ബിഹാർ ജമുയി സദാർ ആശുപത്രിയിലാണ് സംഭവം. ട്രെയിനിൽ നിന്ന് വീണ് അബോധാസ്ഥയിൽ ആശുപത്രിയിലെത്തിച്ച 60കാരനാണ് യൂറിൻബാഗിനു പകരം സ്പ്രൈറ്റ് കുപ്പി ഉപയോഗിച്ചത് ഇയാൾ പിന്നീട് മരണപ്പെട്ടു.
റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) ആണ് ട്രെയിനിൽ നിന്ന് വീണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന രോഗിക്ക് മൂത്രം ഒഴിക്കുന്നതിനായി യൂറിൻ ബാഗിനു പകരം സ്പ്രൈറ്റ് കുപ്പി മൂത്രക്കുഴൽ കെട്ടി വെക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ആശുപത്രിയിൽ ദിവസങ്ങളായി യൂറിൻബാഗ് തീർന്നിരിക്കുകയാണെന്നും എന്നാൽ, പകരം കുപ്പി ഉപയോഗിച്ചത് ശരിയായില്ലെന്നും ആശുപത്രി മാനേജർ രമേഷ് പാണ്ഡേ മാധ്യമങ്ങളോടു പറഞ്ഞു. സംഭവം സംബന്ധിച്ച് അന്വേഷിച്ച് കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.