മംഗളൂരു: കേരളത്തിലും കര്‍ണാടകത്തിലുമായി വധശ്രമവും പോക്സോയും അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. മംഗളൂരു മുടിപ്പു സ്വദേശിയായ മുടിപ്പു റഫീഖ് (36) എന്ന മുഹമ്മദ് റഫീഖാണ് അറസ്റ്റിലായത്.
നിരവധി കേസുകളിൽ ആരോപണ വിധേയനായ റഫീഖ് ഒന്നര വർഷത്തിലേറെയായി ഒളിവിലായിരുന്നു. ബംഗളൂരുവിലെ ഹൊസ്കോട്ടിൽ ഒളിവിലായിരുന്ന റഫീഖിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചാണ് (സിസിബ) അറസ്റ്റു ചെയ്തത്.
മുൾക്കിയില്‍ മോഷണക്കേസ്, ബർകെയില് വധശ്രമക്കേസ്, മംഗളൂരു വനിതാ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ്, ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊള്ളയടിക്കാനുള്ള ഗൂഢാലോചന, കൊണാജെയിൽ തട്ടിക്കൊണ്ടുപോകൽ, ബണ്ട്വാള്‍ സിറ്റിയില്‍ മോഷണം തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കേരളത്തില്‍ മഞ്ചേശ്വരം, കണ്ണൂർ, തലശേരി പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. മംഗളൂരു സിസിബി എസിപി പി.എ.ഹെഗ്ഡെ, പോലീസ് ഇൻസ്പെക്ടർ ശ്യാം സുന്ദർ, എസ്ഐമാരായ സുദീപ് എം.വി, ശരണപ്പ ഭണ്ഡാരി എന്നിവരുട നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.