മംഗളൂരു: പോലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് മറ്റുള്ളവരെ കബളിപ്പിക്കാൻ ശ്രമിച്ചതിന് കേരളത്തിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർത്ഥി അറസ്റ്റില്‍. മംഗളൂരുവില്‍ ജിഎൻഎം വിദ്യാർഥിയായ ഇടുക്കി സ്വദേശി ബെനഡിക്ട് സാബു (25)വിനെയാണ് മംഗളൂരു ഉർവ പോലീസ് അറസ്റ്റു ചെയ്തത്.
കേരളത്തില്‍ നിന്നുള്ള 'റോ' ഓഫീസര്‍, കേരള സര്‍ക്കാര്‍ കൃഷി-കർഷക ക്ഷേമ വകുപ്പ് ജീവനക്കാരന് തുടങ്ങി വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നതായി ചിത്രീകരിച്ച 380 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാളില്‍ നിന്നു പിടിച്ചെടുത്തു.
ഒരു സെറ്റ് എസ്ഐ യൂണിഫോം, പോലീസ് ഷൂസ്, ലോഗോ, മെഡൽ, ബെൽറ്റ്, തൊപ്പി, ഒരു ലാപ്ടോപ്പ്, 2 മൊബൈൽ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.