ബെംഗളുരു: കര്‍ണാടകത്തില്‍ വാഹനങ്ങള്‍ക്ക് അതീവ സുരക്ഷാ രജിസ്ട്രേഷന് പ്ലേറ്റ് (HSRP നമ്പര്‍ പ്ലേറ്റ്) ഘടിപ്പിക്കുന്നതിനുള്ള സമയ പരിധി 3 മാസം കൂടി നീട്ടി. ഫെബ്രുവരി 17 ആയിരുന്നു നേരത്തെ നിശ്ചയിച്ച അവസാന തീയതി. ബുധനാഴ്ച ബംഗളുരുവില്‍ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയാണ് തീയതി നീട്ടിയ കാര്യം അറിയിച്ചത്.
കർണാടകയിൽ ഇതുവരെ 18 ലക്ഷം വാഹനങ്ങള്‍ക്ക് മാത്രമാണ് അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഇത് നടപ്പിലാക്കിയിട്ടുണ്ട്. പുതിയ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വ്യാപകമായ പ്രചാരണം നടത്തും."- മന്ത്രി വ്യക്തമാക്കി.
2019 ഏപ്രിൽ 1-ന് മുമ്പ് രജിസ്റ്റർ ചെയ്ത ഏകദേശം രണ്ട് കോടി വാഹനങ്ങൾക്ക് അതീവ സുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റ് നിർബന്ധമാക്കി 2023 ഓഗസ്റ്റിൽ, കർണ്ണാടക സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2023 നവംബര്‍ 17നകം ഘടിപ്പിക്കാനായിരുന്നു നിര്‍ദേശം. അത് പിന്നീട് 2024 ഫെബ്രുവരി 17 വരെ നീട്ടി. ഇതാണ് 3 മാസത്തേക്ക് കൂടി നീട്ടിയത്.