മംഗളൂരു : മറുനാടൻ മലയാളികൾക്കായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നോര്‍ക്ക റൂട്സ് വഴി നല്കുന്ന ഇൻഷുറൻസ് കം തിരിച്ചറിയൽ കാർഡ് മംഗളൂരുവില്‍ വിതരണം ചെയ്തു.
കേരള സമാജം ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ കേരള സമാജം പ്രസിഡണ്ട് ടി.കെ.രാജന് ഉദ്ഘാടനവും കാര്‍ഡ് വിതരണവും നിര്‍വഹിച്ചു. സെക്രട്ടറി മാക്സിൻ സെബാസ്റ്റ്യൻ സ്വാഗതവും ട്രഷറർ പി. രാജൻ നന്ദിയും പറഞ്ഞു. കേരള സമാജം വഴി ഒന്നാം ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ കാര്‍ഡുകളാണു വിതരണം ചെയ്തത്.
3 വര്‍ഷം കാലാവധിയുള്ള കാര്‍ഡ് മറുനാടന്‍ മലയാളികള്‍ക്ക് കേരള സര്‍ക്കാര്‍ നല്കുന്ന അംഗീകൃത തിരിച്ചറിയല്‍ രേഖയാണ്. 3 വര്‍ഷത്തെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഇത് ഉറപ്പു നല്‍കുന്നുണ്ട്. 315 രൂപയാണ് അപേക്ഷാ ഫീസ്. ഇതുവരെ അപേക്ഷിക്കാത്ത കേരള സമാജം അംഗങ്ങള്‍ അല്ലാത്തവരടക്കം മംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് കേരള സമാജം ഓഫിസുമായി ബന്ധപ്പെട്ടാല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.