മംഗളൂരു: ദുബായില്‍ നിന്ന് മംഗളൂരുവിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 854 ഗ്രാം സ്വര്‍ണ്ണവുമായി മലയാളിയെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റുചെയ്തു.കാസര്‍ക്കോട് പൂച്ചക്കാട് ചിറക്കല്‍ വീട്ടില്‍ ജാഫര്‍ കല്ലിങ്കലിനെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റുചെയ്തത്.ഇയാളില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 41,33,360 രൂപ വിലവരും.വ്യാഴാഴ്ച പുലര്‍ച്ചെ 5.30 ന് ദുബായില്‍ നിന്നെത്തിയ IX 384 നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ വന്നത്.
സ്വര്‍ണ്ണം രാസവസ്തുക്കള്‍ ചേര്‍ത്ത് പശയാക്കിമാറ്റി ഗോളങ്ങളാക്കി ഗര്‍ഭ നിരോധന ഉറയില്‍ പൊതിഞ്ഞ് സെല്ലോടാപ്പൊട്ടിച്ച് മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.ഇത്തരത്തില്‍ നാലു ഗോളങ്ങള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്.