മംഗളൂരു : മംഗളൂരുവിലെ ദസറ ആഘോഷങ്ങളിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് മലയാളി യുവാക്കൾ ബൈക്ക് അപകടത്തില്‍ മരിച്ചു. ദേശീയപാത 66 ൽ തലപ്പാടി കെസി റോഡിന് സമീപമാണ് സംഭവം. കാസർകോട് കുന്പള സ്വദേശികളായ കൃഷ്ണപ്രസാദ് (26), പ്രജിത്ത് (24) എന്നിവരാണ് മരിച്ചത്.
എതിരെ വന്ന കാറിനു സൈഡ് കൊടുക്കാന്‍ ശ്രമിക്കവേ ചക്രങ്ങള്‍ തെന്നി നിയന്ത്രണം വിട്ട് കെ.സി.റോഡ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചതാണ് അപകട കാരണം. അപകടം നടക്കുമ്പോൾ ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ബൈക്കില്‍ നിന്നു തെറിച്ച് വീണ തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരും അവിടെ തന്നെ മരിച്ചു.
അതിനിടെ, ബൈക്കില്‍ കാര്‍ ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ ഇത്തരം സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും കേസെടുത്ത് വിശദമായി അന്വേഷണം ആരംഭിച്ചതായും മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് അറിയിച്ചു.