കടബ, ജൂലായ് 12: ദക്ഷിണ കന്നഡ കഡബ താലൂക്കിലെ കാണിയൂര്‍ ബൈത്തഡ്ക പള്ളിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് പാലത്തിൽ ഇടിച്ച് പുഴയില്‍ വീണ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വിട്ല മട്ടനൂർ വില്ലേജിലെ കുണ്ടഡ്ക സതിയഡ്കയിലെ ചോമ നായികയുടെ മകൻ ധനുഷ് (25), ബന്ധുവായ വിട്ല കന്യാന സ്വദേശി ധനഞ്ജയ് (21) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജൂലൈ 9ന് ആണ് കാര്‍ പുഴയില്‍ വീണത്. ഇവരെ കാണാതായ സ്ഥലത്തു നിന്ന് ഒന്നര കിലോമീറ്ററോളം മാറി മറക്കടയിലെ ചെറിയ പാലത്തിനു സമീപത്താണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാര്‍ പുറത്തെടുത്തെങ്കിലും ഇതിലുണ്ടായിരുന്ന യുവാക്കളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ പുഴയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.