ബെംഗളൂരു: ഭരണഘടനാ ശില്പി ഡോ. ബി.ആര്.അംബേദ്കറിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോളജ് പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും അടക്കം 9 പേര് അറസ്റ്റില്‍.
ബെംഗളൂരുവിലെ ജെയിൻ ഡിംഡ് ടുബി സര്‍വകലാശാല സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസിലെ (സിഎംഎസ്) പ്രിൻസിപ്പലും ഏഴ് വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പത് പേരെയാണ്ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. സിഎംഎസ് പ്രിൻസിപ്പൽ ഡോ. ദിനേഷ് നീലകണ്ഠും ബിബിഎ അഞ്ചാം സെമസ്റ്റർ പഠിക്കുന്ന ഏഴ് വിദ്യാർത്ഥികളും വിവാദ വിവാദ പരിപാടിയുടെ ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നിവരാണ് അറസ്റ്റിലായത്.
ജെയിൻ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റ് 8ന്റെ ഭാഗമായി സംഘടിപ്പിച്ച 'മാഡ്ആഡ്സ്' മത്സരത്തില്‍ അവതരിപ്പിച്ച സ്കിറ്റിനെ ചൊല്ലിയാണ് വിവാദം. സ്കിറ്റില്‍ അംബേദ്കറിനെ അധിക്ഷേപിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും പരാതിയുണ്ട്യ പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 153 എ പ്രകാരം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതിനും എസ്സി- എസ്ടി (അതിക്രമങ്ങൾ തടയൽ നിയമം) നിയമ പ്രകാരവുമാണ് കേസെടുത്തത്. സംഭവത്തില്‍ നിരുപാധികം മാപ്പ് പറയുന്നായും അംബേദ്കറിനും ദലിതർക്കും എതിരെ ഉപയോഗിച്ച ചില വാക്കുകൾ സർവകലാശാല അംഗീകരിക്കുന്നില്ലെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.