മംഗളൂരു: മലയാളി പൂജാരിയെ 10 മാസമായി കാണാനില്ലെന്ന് പരാതി. ബണ്ട്വാള്‍ അംതാടി പെടമല ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തിലെ സഹ പൂജാരി കെ വി ജഗന്നാഥ(43)യെയാണ് 2022 ഒക്ടോബർ മുതൽ കാണാതായതായി ബണ്ട്വാള്‍ സിറ്റി പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തത്.
ക്ഷേത്രത്തിലെ മുഖ്യ പൂജാരി കൃഷ്ണയുടെ സഹോദരനാണു ജഗന്നാഥ. 2022 ഒക്ടോബറിൽ കാസർഗോഡ് അടക്കത്തബൈലിലെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ബണ്ട്വാളില്‍ നിന്ന് ഇറങ്ങിയ ജഗന്നാഥയ കാണാതാവുകയായിരുന്നു. മുന്‍പും ഇയാള്‍ ഇത്തരത്തില്‍ ധ്യാനത്തിനും മറ്റും പോയിരുന്നു. ഇതോടെ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നെങ്കിലും വിവരമൊന്നുമില്ലാതെ വന്നതോടെയാണു പരാതി നല്‍കിയത്. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറയുന്നു.
ജഗന്നാഥ നേരത്തെ ഉത്തരാഖണ്ഡ് പ്രയാഗ് ജില്ലയിലെ കാളി മഠത്തിലെ മന്നന്നമയി ക്ഷേത്രത്തില്‍ പൂജാരിയായി പ്രവർത്തിച്ചിരുന്നു. അവിവാഹിനായ ജഗന്നാഥ ബിഎസ്സി, എംബിഎ ബിരുദധാരിയാണ്.