മംഗളൂരു: ട്രയിനില്‍ കടത്തുകയായിരുന്ന 6.333 കിലോ ഉണങ്ങിയ കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ "നാർക്കോസ്" ന്റെ ഭാഗമായി മംഗളൂരു ജംങ്ഷന് റെയില്‍വേ സുരക്ഷാ സേനയും (ആര്‍പിഎഫ്) മംഗളൂരു ഈസ്റ്റ് എക്സൈസ് അധികൃതരും ചേര്‍ന്നു നടത്തിയ റെയ്ഡിലാണ് 3,16,650 വിലമതിക്കുന്ന 6.333 കിലോഗ്രാം ഉണങ്ങിയ കഞ്ചാവ് പിടികൂടിയത്.
ഞായറാഴ്ച രാവിലെ 11:15 ന് മംഗളൂരു ജംങ്ഷന് (കങ്കനാടി) റെയിൽവേ സ്റ്റേഷനിലാണു കഞ്ചാവ് പിടികൂടിയത്. കാര്‍വാറില്‍ നിന്ന് യശ്വന്ത്പുരയിലേക്ക് പോവുകയായിരുന്ന 16516 നമ്പര്‍ എക്സ്പ്രസിലാണ് കഞ്ചാവ് കൊണ്ടു വന്നത്. പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മംഗളൂരു ഈസ്റ്റ് എക്സൈസ് ഡിവിഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് കടത്തു സംഘത്തിലെ കൂടുതല്‍ കണ്ണികളെ കണ്ടെത്തുന്നതിന് അടക്കമുള്ള അന്വേഷണം നടക്കുകയാണ്.
ആര്‍പിഎഫ് ഉദ്യോഗസ്ഥരായ എൻ കേശവദാസ്, മനോജ്കുമാർ യാദവ്, എ.പി.ദീപക് , എ.പി.അജിത് അശോക്, കെ.സാജു, എസ്.എം.രവി, കെ.ശശി, എൻ.അശോക്, ഒ.കെ.അജീഷ്, ടി.പാണ്ഡുരംഗ് എന്നിവര്‍ ചേര്‍ന്നാണു കഞ്ചാവ് പിടികൂടിയത്.