മംഗളൂരു: മംഗളൂരു നഗരത്തിലുടനീളം എംഡിഎംഎ (മെത്തിലീൻ ഡയോക്സി മെത്താംഫെറ്റാമൈൻ) വിൽപന നടത്തിയ കുപ്രസിദ്ധ ലഹരി മരുന്ന് കടത്തുകാരൻ ഉൾപ്പെടെ മൂന്ന് പേര് പിടിയില്‍. മംഗളൂരു മൂഡുഷെഡ്ഡെ ശിവനഗറിൽ താമസിക്കുന്ന മൂഡുഷെഡ്ഡെ ഇമ്രാൻ (36) എന്ന മുഹമ്മദ് ഇമ്രാൻ, മണിപ്പാൽ ബഡഗബെട്ടു മൂന്നാം ക്രോസ് റോഡ് നേതാജി നഗർ മുംതാസ് മൻസിലിൽ താമസിക്കുന്ന അംജത് ഖാൻ (42), മംഗളൂരു മഞ്ചനാടി കൽക്കട്ട ഹൗസില്‍ താമസിക്കുന്ന അബ്ദുൾ ബഷീർ അബ്ബാസ് (39) എന്നിവരാണു പിടിയിലായത്. ഇവരില്‍ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന 170 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇതിനു പുറമേ അഞ്ച് എംഡിഎംഎ ഗുളികകൾ, കാര്‍, ആറ് മൊബൈൽ ഫോണുകൾ, ഒരു ഡിജിറ്റൽ ത്രാസ് എന്നിവയും പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് സിറ്റി ക്രൈം ബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. കേസ് പിന്നീട് കാവൂര്‍ പൊലീസിനു കൈമാറി. മംഗളൂരു സിസിബി യൂണിറ്റ് എസിപി പി.എ. ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിന് മൂഡ്ഷെഡ്ഡേ സ്വദേശി മുഹമ്മദ് ഇമ്രാനെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും കുറിച്ച് രഹസ്യ വിവരം ലഭിച്ചു. മൂവരും ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ കൊണ്ടു വന്ന് ബോന്തേൽ പടുഷെഡ്ഡെ പ്രദേശത്ത് വിതരണം ചെയ്യുകയായിരുന്നു.
കൊലപാതകം, കഞ്ചാവ് കടത്ത്, കവർച്ച, അതിക്രമിച്ചു കടക്കല്‍, സ്വത്ത് നശിപ്പിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ നേരത്തെ പ്രതിയാണ് ഇമ്രാന്. ഒരാഴ്ച മുമ്പാണ് ഇമ്രാൻ മറ്റൊരു കേസില്‍ ജാമ്യം നേടി ജയിൽ മോചിതനായത്. അബ്ദുൾ ബഷീർ അബ്ബാസ് മുമ്പ് ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു ആക്രമണ കേസിൽ ഉൾപ്പെട്ടിരുന്നു.