മംഗളൂരു : ലോക്കോ പൈലറ്റുമാരുടെ ക്ഷാമം ട്രെയിന്‍ സര്‍വീസുകളെ ബാധിക്കുന്നു. ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം അടക്കം ആറ് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ദക്ഷിണ റെയിൽവേ റദ്ദാക്കി. നടത്തിപ്പ് - സുരക്ഷാ കാരണങ്ങളാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായി റെയില്‍വേ പറയുന്നത്. എന്നാല്‍, ജീവനക്കാരുടെ ക്ഷാമത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത് എന്നാണ് സൂചന.
കാലങ്ങളായി നിയമനം നടക്കാത്തതു മൂലം റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ ക്ഷാമം രൂക്ഷമാണ്. വിശ്രമം പോലും ഇല്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ലോക്കോപൈലറ്റുമാര്‍. കൂടുതല്‍ നിയമനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ലോക്കോ പൈലറ്റുമാര്‍ നാളുകളുമായി വ്യത്യസ്തമായ പ്രക്ഷോഭങ്ങള്‍ നടത്തി വരുന്നുമുണ്ട്. എന്നാല്‍, നിയമനങ്ങള്‍ നടത്താന്‍ റെയില്‍വേ തയാറായിട്ടില്ല. ലോക്കോ പൈലറ്റുമാര്‍ക്ക് അനിവാര്യമായ വിശ്രമം അനുവദിക്കേണ്ടി വന്നതോടെ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് ചരക്കു വണ്ടി 10 മണിക്കൂറോളം നിര്‍ത്തിയിടേണ്ടി വരികയും ഇതു യാത്രാ വണ്ടികളുടെ ഗതാഗതത്തെയടക്കം ബാധിക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് നടത്തിപ്പ് - സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.
ശനിയാഴ്ചകളില്‍ ഓടുന്ന പ്രതിവാര എക്സ്പ്രസുകളായ 06041 നമ്പര്‍ മംഗളൂരു-കോയമ്പത്തൂര്‍ എക്സ്പ്രസ്, 06042 നമ്പര്‍ കോയമ്പത്തൂര്‍-മംഗളൂരു എക്സ്പ്രസ് എന്നിവ ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി. 06071 നമ്പര്‍ കൊച്ചുവേളി - നിസാമുദ്ദീന്‍ പ്രതിവാര എക്സ്പ്രസ് ജൂണ്‍ ഏഴ് മുതല്‍ 28 വരെ റദ്ദാക്കി. 06072 നിസാമുദ്ദീന്‍ - കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് ജൂണ്‍ 10 ജൂലായ് 1 വരെ റദ്ദാക്കി. ആഴ്ചയില്‍ 2 ദിവസം സര്‍വീസ് നടത്തുന്ന 06037 നമ്പര്‍ ചെന്നൈ - വേളാങ്കണ്ണി എക്സ്പ്രസ് ജൂണ്‍ 21മുതല്‍ 30 വരെ റദ്ദാക്കി. ആഴ്ചയില്‍ 2 ദിവസം സര്‍വീസ് നടത്തുന്ന 06038 നമ്പര്‍ വേളാങ്കണ്ണി - ചെന്നൈ എക്സ്പ്രസ് ജൂണ്‍ 22 മുതല്‍ ജൂലായ് 1 വരെ റദ്ദാക്കി. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെ മംഗളൂരു-കോട്ടയം റൂട്ടില്‍ പ്രഖ്യാപിച്ച പ്രത്യേക തീവണ്ടി (06075/06076) നേരത്തേ റദ്ദാക്കിയിരുന്നു. ഏപ്രില്‍ 20-ന് മാത്രമാണ് ഇത് സര്‍വീസ് നടത്തിയത്.