മംഗളൂരു : തേൻകെണി ഒരുക്കി 30 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ബണ്ട്വാൾ സ്വദേശിനി തനിഷ രാജിനെയാണ് പുത്തൂർ പൊലീസ് അറസ്റ്റു ചെയ്തത്. മുണ്ടൂർ നെട്ടണികെ ചീച്ചഗഡ്ഡെയിലെ 25കാരന്റെ പരാതിയിലാണ് അറസ്റ്റ്. കേസിൽ മറ്റ് 5 പ്രതികൾ കൂടിയുണ്ട്.
ആദ്യം പരാതിക്കാരന്റെ വാട്സാപ്പിലേക്ക് 5 മാസം മുൻപ് തനിഷ 2 തവണ 'ഹായ്' എന്ന സന്ദേശം അയക്കുകയായിരുന്നു. ഇതിനു രണ്ടാമതു സന്ദേശം ലഭിച്ചപ്പോൾ പരാതിക്കാരൻ മറുപടി അയച്ചു. ഇതിനു പിന്നാലെ തനിഷ ഫോണിൽ വിളിച്ചു. തുടർന്ന് ഇവർ നിരന്തരം വീഡിയോ കോൾ അടക്കം വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്ത് അടുപ്പം സ്ഥാപിക്കുകയായിരുന്നു.
ഏപ്രിൽ 15ന് ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. 20നു വിളിച്ച് പരാതിക്കാരനോട് ആളൊഴിഞ്ഞ സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. ഇവിടെ എത്തിയപ്പോൾ മറ്റ് 5 പേർ ചേർന്നു 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ തനിഷയുമായുള്ള വീഡിയോ കോളിലെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നു 2 തവണകളായി പണം നൽകിയ ശേഷം ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.