മംഗളൂരു . മതിൽ ചാടിക്കടന്ന് വിമാനത്താവളത്തിൽ കയറിയയാൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയും ലോറി ക്ലീനറുമായ രാകേഷിനെ(40യാണ് സുരക്ഷാ ജോലിയിൽ ഉണ്ടായിരുന്ന സിഐഎസ്എഫുകാര്‍ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 10.40ന് ആണ് സംഭവം. മംഗളൂരു വിമാനത്താവളത്തിന്റെ ബജ്പെയിലുള്ള പഴയ ടെർമിനലിലെ റൺവേ വികസന പ്രവൃത്തി നടക്കുന്ന ഭാഗത്താണ് ഇദ്ദേഹം മതില് ചാടി കടന്ന് എത്തിയത്. പട്രോളിങ്ങ് നടത്തുകയായിരുന്ന സിഐഎസ്എഫുകാര്‍ കസ്റ്റഡിലിയെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ലോറി ക്ലീനർ ആണെന്നും കൂലിയായി നൽകാനുള്ള പണം പോലും നൽകാതെ ഡ്രൈവർ വഴിയിൽ ഇറക്കി വിട്ടതായും ഇയാള്‍ പറഞ്ഞു.
ഇറക്കി വിട്ടിടത്തു നിന്ന് കണ്ട വഴിയിലൂടെ നടന്ന് മതിലിനു സമീപം എത്തുകയും മതില് ചാടി അകത്തു കടക്കുകയും ചെയ്തെന്നാണു പറയുന്നത്. വിമാനത്താവളത്തില്‍ അതിക്രമിച്ചു കടന്നതിന് കേസെടുത്ത് ബജ്പെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.