കൊച്ചി: ചലചിത്ര സംവിധായകൻ സിദ്ദിഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ ബുള്ളറ്റിൻ ഇന്ന് രാവിലെ പുറപ്പെടുവിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സിദ്ദിഖിന്റെ അടുത്ത ബന്ധുക്കളും മറ്റും രാവിലെ തന്നെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ന്യൂമോണിയയും കരൾ സംബന്ധമായ അസുഖവും ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി സിദ്ദിഖ് ചികിത്സയിലായിരുന്നു. ഇത് സുഖപ്പെട്ടു വരുന്നതിനിടെ തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖ് എക്മോ സപ്പോർട്ടിലാണുള്ളത്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് സിദ്ദിഖിന്റെ ആരോഗ്യ നില വിലയിരുത്തിയ ശേഷമായിരിക്കും മെഡിക്കൽ ബുള്ളറ്റിൻ പുറപ്പെടുവിക്കുക.
മിമിക്രിയിലൂടെയാണ് സിദ്ദിഖ് കലാ രംഗത്ത് എത്തുന്നത്. നടനും സംവിധായകനുമായ ലാലിനൊപ്പം ചേർന്ന് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി ഹിറ്റ് സിനികൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലുമായി പിരിഞ്ഞ് തനിച്ചും ഹിറ്റുകൾ സൃഷ്ടിച്ചു. റാംജി റാവു സ്പീക്കിംഗ്, ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ എന്നിങ്ങനെ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ എക്കാലത്തും ചിരി പടർത്തുന്നവയാണ്. മോഹൻലാലിനെ നായകനാക്കി 2020ൽ സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാന സിനിമ. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും സിദ്ദിഖ് സംവിധാനം ചെയ്തിട്ടുണ്ട്.