മംഗളൂരു: മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനു സമീപം സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കത്തിക്കുത്ത്. സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റിലായി. മോഷണം സംശയിച്ചുള്ള തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. കത്തിക്കുത്തില്‍ പരുക്കേറ്റ ബണ്ട്വാള്‍ പൂനാച്ച സ്വദേശി സച്ചിനെ(31) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊല്ലം സ്വദേശി മുഹബമ്മദ് നൗഫല്‍(21) നെ ആണ് മംഗളൂരു സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്.
പൊലീസ് പറയുന്നത് അനുസരിച്ച് മെയ് 19 ന് വൈകിട്ട് മുഹമ്മദ് നൗഫൽ (21) സുഹൃത്ത് അനസിനൊപ്പം മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്നിരുന്നു. ഇവിടെ വച്ച് ഇവര്‍ സച്ചിനെ പരിചയപ്പെട്ടു. മൂന്നു പേരും ചേര്‍ന്ന് ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച് റെയിൽവേ സ്റ്റേഷനു സമീപം കിടന്നുറങ്ങി.
മെയ് 20 ന് രാവിലെ മുഹമ്മദ് നൗഫലിൻ്റെ മൊബൈലും 1000 രൂപയും കാണാതായി. ഇതു സച്ചിന് മോഷ്ടിച്ചെന്ന് മുഹമ്മദ് നൗഫൽ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ സച്ചിൻ നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ദേഷ്യം വന്ന നൗഫൽ പോക്കറ്റിൽ നിന്ന് കത്തിയെടുത്ത് സച്ചിൻ്റെ വയറ്റിൽ കുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സച്ചിന് അപകട നില തരണം ചെയ്തു. പ്രതി മുഹമ്മദ് നൗഫലിനെ ഉടൻ അറസ്റ്റ് ചെയ്തു.