കുന്താപുരം: ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പൂജാരി അറസ്റ്റില്‍. ഗംഗോലി ഖാർവിക്കേരിയിലെ ശ്രീ മഹങ്കാളി അമ്മനവര ക്ഷേത്രത്തിലെ പൂജാരിയും ഉഡുപ്പി സിർസി മൂറഗർ സ്വദേശിയുമായ നരസിംഹ ഭട്ട് (43) ആണ് അറസ്റ്റിലായത്.
വഴിപാടുകളുടെ ഭാഗമായി ക്ഷേത്രത്തിലെ ദേവവിഗ്രഹത്തെ സ്വർണ്ണാഭരണങ്ങൾ കൊണ്ട് അലങ്കരിക്കുന്ന പതിവുണ്ട്. സെപ്തംബർ 21 ന് വൈകുന്നേരം അലങ്കാര ചടങ്ങുകൾ നടത്തുന്നതിനിടെ, വരാനിരിക്കുന്ന നവരാത്രി ഉത്സവത്തിനുള്ള തയ്യാറെടുപ്പിനായി വൃത്തിയാക്കാനുള്ള സ്വർണ്ണാഭരണങ്ങൾ ക്ഷേത്രം അധികാരികള്‍ ആവശ്യപ്പെട്ടു. പരിശോധനയിൽ, ആഭരണങ്ങൾ മുമ്പ് ഉപയോഗിച്ചതിന് സമാനമല്ലെന്നും യഥാർത്ഥ സ്വർണ്ണമല്ലെന്നും വ്യക്തമായി. യഥാര്‍ഥ സ്വർണാഭരണങ്ങൾ സ്വകാര്യ ആവശ്യത്തിനായി കൊണ്ടു പോയതായി പ്രതി പിന്നീട് സമ്മതിച്ചു. 3.20 ലക്ഷം രൂപ വിലവരുന്ന 40 ഗ്രാം തൂക്കമുള്ള സ്വര്‍ണ നെക്ലേസ്, 73 ഗ്രാം തൂക്കമുള്ള 5.84 ലക്ഷം രൂപ വിലവരുന്ന സ്വർണനാണയ താലി, 73 ഗ്രാം തൂക്കമുള്ള 5.84 ലക്ഷം രൂപ വിലവരുന്ന സ്വർണ കരിമണി മാല, 5.12 ലക്ഷം രൂപ വിലവരുന്ന 64 ഗ്രാം തൂക്കമുള്ള സ്വർണ നെക്ലേസ്, 48,000 രൂപ വിലമതിക്കുന്ന 6 ഗ്രാം തൂക്കമുള്ള മൂന്ന് സ്വർണ താലികൾ, 8 ഗ്രാം തൂക്കമുള്ള 64,000 രൂപ വിലമതിക്കുന്ന ഒരു സ്വർണ്ണ ചെയിൻ എന്നിവയടക്കം മൊത്തം 21.12 ലക്ഷം രൂപ വിലമതിക്കുന്ന 264 ഗ്രാം (33 പവൻ) എന്നിവയാണ് നഷ്ടപ്പെട്ടത്.
പിടിക്കപ്പെടാതിരിക്കാനായി മുക്കുപണ്ടങ്ങള്‍ പകംര വച്ചിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിവിധ ബാങ്കുകളിൽ പണയം വച്ചിട്ടുണ്ടെന്നാണ് സൂചന. പ്രതി പ്രതിമാസ ശമ്പളവും താമസ സൗകര്യവും വാങ്ങി മെയ് 16 മുതൽ ശ്രീ മഹാകാളി ക്ഷേത്രത്തിൽ പൂജാരിയായി നിയമിതനായിരുന്നു. ഗംഗോലി എസ്ഐ ഹരീഷും സംഘവും പ്രതിയെ പിടികൂടി, കൂടുതൽ അന്വേഷണം നടത്തിവരികയാണ്.