ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നു സർവീസ് നിർത്തിവച്ച യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ജൂലൈ 23 മുതൽ സർവിസ് പുനരാരംഭിക്കും. ഇതടക്കം 4 ട്രെയിനുകല്‍ കൂടി വരും ദിവസങ്ങളിൽ ഓടിത്തുടങ്ങുമെന്ന് ദക്ഷിണ-പശ്ചിമറെയിൽവേ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ അവസാനമാണ് ഈ ട്രെയിന്‍ സർവീസ് നിർത്തിവെച്ചത്.
യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് നിലച്ചതോടെ ബെംഗളൂ രുവിൽനിന്ന് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ കടുത്ത പ്രയാസം നേരിട്ടിരുന്നു. തെക്കൻ കേരള ത്തിലേക്കുള്ള തീവണ്ടികൾ പുന രാരംഭിച്ചിട്ടും വടക്കൻ ജില്ലകളിലേക്കുണ്ടായിരുന്ന ഏകതീവണ്ടി സർവീസ് തുടങ്ങാത്തതിൽ മലയാളി യാത്രക്കാർ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.
അടുത്ത ദിവസങ്ങളിൽ കേരളത്തിലേക്ക് ഓടിത്തുടങ്ങുന്ന നാലുവണ്ടികളിൽ 2 എണ്ണം പുതുതായി ആരംഭിക്കുന്നവയാണ്. യശ്വന്തപുര-കൊച്ചുവേളി എ.സി. പ്രതിവാരഎക്സ്പ്രസ് ആണ് (0885) ഇതിൽ ഒന്ന്. 22 മുതല്‍ വ്യാഴാഴ്ചകളില്‍ വൈകീട്ട് 3.20ന് യശ്വന്തപുരയിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-യശ്വന്തപുര എ.സി. എക്സ്പ്രസ് സ്പെഷ്യൽ (07386) 23 മുതല്‍ കൊച്ചു വേളിയിൽനിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 4.30ന് യശ്വന്തപുരയിലെത്തും. യശ്വന്തപുരയിൽനിന്ന് പാലക്കാട്-കോഴിക്കോട്-കണ്ണൂർ വഴി മംഗളൂരു സെൻട്രലിലേക്കുള്ള എക്സ്പ്രസ് സ്പെഷ്യൽ തീവണ്ടിയാണ് (07301) മറ്റൊന്ന്. ഞായറാഴ്ചകളിലുള്ള തീവണ്ടിയുടെ സർവീസ് 2-ന് തുടങ്ങും.രാത്രി 11.55ന് പുറപ്പെടും. തിങ്കളാഴ്ച വൈകീട്ട് 4.05ന് മംഗളൂരുവിലെത്തും. മംഗളൂരു സെൻട്രൽ-യശ്വന്തപുര എക്സ്പ്രസ് (07392) തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. ഇത്26ന് തുടങ്ങും. രാത്രി 10.05ന് പുറപ്പെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് യശ്വന്ത്പുരയിലെത്തും. യശ്വന്തപുര-കൊച്ചുവേളി ദ്വൈവാര ഗരീബ് രഥ് എക്സ്പ്രസ് (07895) പുനഃസ്ഥാപിക്കാനും റെയിൽവേ തീരുമാനിച്ചു. 29ന് ഓടിത്തുടങ്ങും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങ ളിലാണിത്. രാത്രി 8.45ന് പുറപ്പെ ടുന്ന തീവണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് 1.10ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-യശ്വന്തപുര ദ്വൈവാര എക്സ്പ്രസ് (07396) തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസ് നടത്തും. ഇത് 30ന് ആരംഭിക്കും. വൈകീട്ട് 5ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 9.30ന് യശ്വന്തപുരയിലെത്തും.