തിരുവനന്തപുരം . ദേശീയ തലത്തിലുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാനത്തു കേരള പുരസ്കാരം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളജ്യോതി, കേരളപ്രഭ, കേരളശ്രീ എന്നിവയാണ് സംസ്ഥാനം ഏർപ്പെടുത്തുന്ന പുരസ്കാരങ്ങൾ.
കേരളപ്പിറവി ദിനമായ നവംബർ 1ന് ആയിരിക്കും അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുക. രാജ്ഭവനിലാണ് പുരസ്കാര വിതരണം നടക്കുക. കേരളജ്യോതി പുരസ്കാരം ഒരാൾക്കും കേരളപ്രഭ പുരസ്കാരം രണ്ടു പേർക്കും കേരളശ്രീ പുരസ്കാരം അഞ്ച് പേർക്കുമാണ് നൽകുക.
എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ പൊതുഭരണ വകുപ്പ് പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കും. അപേക്ഷകൾ പ്രാഥമിക, ദ്വിതീയ സമിതികൾ പരിശോധിച്ച ശേഷമാണ് പുരസ്കാര സമിതി ജേതാക്കളെ പ്രഖ്യാപിക്കുക.