ബാങ്കോക്ക്: പ്രശസ്ത കന്നഡ നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന അന്തരിച്ചു. ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലായിരുന്നു അന്ത്യം. ഭർത്താവിനൊപ്പം വിനോദയാത്രയിലായിരുന്നു സ്പന്ദന. നെഞ്ചുവേദന അനുഭവപ്പെട്ട സ്പന്ദനയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കന്നഡ സിനിമാ വ്യവസായത്തില്‍ ഏറെ ശ്രദ്ധേയനായ ഒരു സിനിമാ കുടുംബത്തിൽ പെട്ടയാളുമാണ്. 2021 ഒക്ടോബറിൽ ഹൃദയാഘാതം മൂലം അന്തരിച്ച കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ ബന്ധുവാണ്. ബംഗളൂരു സ്വദേശിയായ സ്പന്ദന, പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ബി.കെ. ശിവറാമിന്റെ മകളാണ്. 2007ലാണ് വിജയ് രാഘവേന്ദ്രയെ വിവാഹം കഴിച്ചത്. ശൗര്യ ഏക മകനാണ്. മൃതദേഹം ബംഗളൂരുവില്‍ എത്തിച്ച് സംസ്കരിക്കും.
'ചാലീസുവ മൊഡഗളു' എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച വിജയ്, 'ശിവയോഗി ശ്രീ പുട്ടയ്യജ്ജ' എന്ന ചിത്രത്തിലെ അഭിനയത്തിന് 2016-ലെ മികച്ച നടനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 'ബിഗ് ബോസ് കന്നഡ'യുടെ ആദ്യ സീസണിലെ വിജയിയായ അദ്ദേഹം 'ഡാൻസ് കർണാടക ഡാൻസ്' എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായും പ്രവർത്തിച്ചു.