മംഗളൂരു: ഗതാഗത നിയമ ലംഘകരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് പൊലീസിന്റെ ശിപാര്‍ശ. രണ്ടാഴ്ചക്കിടെ 392 പേരുടെ ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള ശിപാര്‍ശയാണ് പൊലീസ് നല്‍കിയത്. ജുലായ് അവസാനം 222 പേരുടെയും കഴിഞ്ഞ ദിവസം 170 പേരുടെയും ലൈന്‍സുകള്‍ റദ്ദാക്കാനാണു ശിപാര്‍ശ നല്‍കിയത്. മോട്ടോർ വാഹന നിയമപ്രകാരമുള്ള നിയമങ്ങൾ ലംഘിച്ചതിന് സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിലെ 392 ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനാണ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന് (ആർടിഒ) പൊലീസ് നിർദ്ദേശം സമർപ്പിച്ചു.
അപകടങ്ങൾ ഉണ്ടാക്കിയതിന് 24, അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 125, ചരക്കു വാഹനത്തില്‍ യാത്രക്കാരെ കയറ്റിയതിന് 27, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 9, റെഡ് സിഗ്നൽ മറി കടന്നതിന് 12, ഇരുചക്രവാഹനങ്ങളിൽ 3 പേര് കയറിയതിന് 6, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 154, സീറ്റ് ബല്‍റ്റ് ധരിക്കാത്തിന് 30, മദ്യപിച്ച് വാഹനം ഓടിച്ചതിന് 1, വാണിജ്യ യാത്രാ വാഹനങ്ങളില്‍ അമിതമായി ആളുകളെ കയറ്റിയതിന് 4 എന്നിങ്ങനെയാണ് ലൈസന്‍സ് റദ്ദക്കാന്‍ ശിപാര്‍ശ ചെയ്യപ്പെട്ട ഡ്രൈവര്‍മാരുടെ എണ്ണം.
ജൂലൈ 13 മുതൽ 26 വരെ രണ്ടാഴ്ച കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് 222 റൈഡർമാരുടെയും ലൈസൻസ് റദ്ദാക്കാൻ ജൂലൈ അവസാനം ശിപാര്‍ശ ചെയ്തിരുന്നു. ഇതിനു ശേഷമുള്ള രണ്ടാഴ്ച കണ്ടെത്തിയ നിയമ ലംഘനങ്ങള്‍ക്ക് 170 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് ജെയിൻ പറഞ്ഞു. നിശ്ചയിച്ചതിലും കൂടുതൽ യാത്രക്കാരെ കയറ്റിയതിനും വൺവേ ട്രാഫിക്കിൽ എതിർദിശയിൽ വാഹനങ്ങൾ ഓടിച്ചതിനും വാഹന ഉടമകൾക്കെതിരെ 11 ദിവസത്തിനിടെ 89 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.