മംഗളൂരു: ലഹരി കലര്‍ന്നതെന്ന സംശയത്തെ തുടര്ന്നുപിടികൂടിയ ചോക്ലറ്റുകളില് കഞ്ചാവ് കലര്‍ന്നതായി കണ്ടെത്തി. ജൂലൈ അവസാന വാരത്തില്‍ മംഗളൂരു നോർത്ത് പൊലീസും സൗത്ത് പൊലീസും പിടിച്ചെടുത്ത ചോക്ലേറ്റുകൾ ലഹരി സാന്നിധ്യം പരിശോധിക്കുന്നതിനായി ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് ചോക്ലേറ്റിൽ കഞ്ചാവിന്റെ അംശം (ഭാംഗ്) കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ എൻഡിപിഎസ് പ്രകാരം കേസെടുത്തത്.
മംഗളൂരു നോർത്ത് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടറും ജീവനക്കാരും ചേർന്ന് കാർ സ്ട്രീറ്റിലെ പൂജാ പാലസ് ബിൽഡിംഗിലെ മനോഹര്‍ ഷെട്ടിന്റെ(49) കടയില്‍ നിന്ന് 40 ഭാംഗ് ചോക്ലേറ്റുകള്‍ വീതം അടങ്ങിയ 300 പാക്കറ്റുകളും ഇതിനു പുറമേ 592 ഭാംഗ് ചോക്ലറ്റുകളും അടക്കം മൊത്തം 12,592 ഭാംഗ് ചോക്ലറ്റുകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മനോഹര്‍ ഷെട്ടിനെ അറസ്റ്റു ചെയ്തു.
അന്നു തന്നെ, ഹൈലാൻഡ്സിനടുത്തുള്ള ഒരു പെട്ടിക്കടയിൽ ഭാംഗ് ലേസ്ഡ് ചോക്ലേറ്റ് വിറ്റതിന് ബെച്ചൻ സോങ്കര്‍ എന്നയാളെ സൗത്ത് പൊലീസും അറസ്റ്റു ചെയ്തിരുന്നു.