മംഗളൂരു: മംഗളൂരുവിന്റെ ആകാശത്തില്‍ കരിപടര്‍ത്തി 158 പേരുടെ മരണത്തിന് ഇടയാക്കിയ മംഗളൂരു വിമാന ദുരന്തം നടന്നിട്ട് 14 വര്‍ഷം തികഞ്ഞു. 2010 മെയ് 22 ന് രാവിലെയാണ് മംഗളൂരുവില്‍ വിമാനം കത്തിയമര്‍ന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 158 പേർ മരിച്ചത്. വിമാനത്തില്‍ ഉണ്ടായിരുന്ന 8 എട്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി ജില്ലാ ഭരണകൂടം കുളൂർ-തണ്ണീർഭാവി റോഡിരികില്‍ നിര്‍മിച്ച പാര്‍ക്കിലെ സ്മൃതി മണ്ഡപത്തില്‍ വാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചന നടന്നു. പാർക്കിൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മുല്ലൈ മുഹിലൻ, ജില്ലാ പോലീസ് സൂപ്രണ്ട് സി.ബി.റിഷ്യന്ത് തുടങ്ങിയവർ പങ്കെടുത്തു.
2010 മെയ് 22ന് രാവിലെ 6:20ന് ആണ് ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കെഞ്ചാറിലെ മംഗളൂരു വിമാനത്താവളത്തിൽ എയർപോർട്ട് ടെർമിനലിന് സമീപം തകർന്ന് വീണ് തീ പിടിച്ച് 158 യാത്രക്കാര്‍ വെന്തു മരിച്ചത്.
വിമാനം ലാൻഡ് ചെയ്യുമ്പോൾ റൺവേയും കടന്ന് സിഗ്നൽ ടവറിൽ ഇടിക്കുകയും തുടർന്ന് റൺവേയ്ക്ക് സമീപമുള്ള താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സിൻ്റെ വിശകലനം അനുസരിച്ച്, ചീഫ് പൈലറ്റ് ക്യാപ്റ്റൻ സ്ലാറ്റ്കോ ഗ്ലൂസിക്കയുടെ പിഴവാണ് അപകടത്തിന് കാരണമായത്. കോ-പൈലറ്റ് ക്യാപ്റ്റൻ ഹർബിന്ദർ സിംഗ് അലുവാലിയയുടെ മുന്നറിയിപ്പ് പരിഗണിക്കാതെയാണ് അദ്ദേഹം വിമാനം ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്.