കൊച്ചി: വാട്ടർ റെസിസ്റ്റൻ്റ് ആണെന്ന് വിശ്വസിപ്പിച്ചു വിറ്റ മൊബൈല്‍ ഫോൺ വെള്ളത്തിൽ വീണപ്പോൾ കേടായി. ഫോണിന് ഇൻഷുറൻസ് ഉണ്ടായിട്ടും തകരാർ പരിഹരിച്ച് നൽകാന് തയ്യാറായില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉപഭോക്താവ് നൽകിയ പരാതിയിൽ 78,900 രൂപ നൽകാൻ ഉപഭോക്തൃ തർക്ക പരിഹാരം ഉത്തരവിട്ടു. ഫോർട്ട് കൊച്ചി സ്വദേശി സന്തോഷ് കുമാർ, സാംസങ് ഇന്ത്യ ഇലട്രോണിക്സിനും ഫോൺ വിൽപന നടത്തിയ സ്ഥാപനത്തിനും എതിരെ സമർപ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. രണ്ട് എതിർകക്ഷികളും ചേർന്ന് പരാതിക്കാരന് തുക നൽകാനാണ് വിധി.
സാംസങ്ങിന്റെ 71,840 രൂപ വില വരുന്ന, വാട്ടർ റെസിസ്റ്റൻസ് എന്ന് അവകാശപ്പെടുന്ന ഫോണാണ് ഇദ്ദേഹം വാങ്ങിയത്. ഇൻഷുറൻസ് പ്രീമിയം തുകയായ 5390 രൂപയും ചേർത്ത് 77,230 രൂപയാണ് നല്‍കിയത്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നിൽക്കെ ഫോൺ വെള്ളത്തില്‍ വീണ് കേടായതിനാൽ റിപ്പയർ ചെയ്യുന്നതിനായി എതിർകക്ഷിയെ ഏൽപ്പിച്ചു. ആവശ്യപ്പെട്ട പ്രകാരം 3450 രൂപ നൽകുകയും ചെയ്തു. എന്നാൽ ഫോൺ റിപ്പയർ ചെയ്ത് നൽകിയില്ല എന്ന് പരാതിക്കാരന് ആരോപിച്ചു. ഫോണിന് നിർമ്മാണപരമായ ന്യൂനതയ ഇല്ലെന്നും ഫോണിന് സംഭവിച്ചത് ഫിസിക്കൽ ഡാമേജ് ആണെന്നും ഫിസിക്കൽ ഡാമേജിന് ഇൻഷുറൻസ് പരിരക്ഷ കിട്ടില്ലെന്നും എതിര്‍കക്ഷികള്‍ വാദിച്ചു. എന്നാൽ ഇൻഷുറൻസ് പരിരക്ഷാ കാലയളവിൽ വെള്ളത്തിൽ വീണ് കേടായ ഫോണിന് ഇൻഷുറൻസ് തുക നിരസിക്കുന്നത് വാറണ്ടി നിഷേധിക്കുന്നതിന് തുല്യമാണെന്നും ആയത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി നിരീക്ഷിച്ചു.
ഫോണിൻ്റെ വിലയായ 68,900 രൂപയും ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും ചേർത്ത് മൊത്തം 78,900 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നൽകാനാണ് ഉത്തരവ്. വീഴ്ച വരുത്തിയാൽ പലിശ സഹിതം നൽകേണ്ടി വരുമെന്നും ഡി.ബി.ബിനു അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നൽകി.