റായ്ച്ചൂർ: കർണാടക റായ്ച്ചൂർ ജില്ലയിലെ കൊരവിനഹല ഗ്രാമത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായ നാല് വയസ്സുകാരി മരിച്ചു. കൊരവിനഹലയിലെ കെരലിങ്കയുടെ മകൾ ലാവണ്യയാണ്(4) മരിച്ചത്.
15 ദിവസം മുമ്പ് ലാവണ്യ അടക്കം വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന ഏഴ് കുട്ടികളെ തെരുവ് നായ ആക്രമിച്ചിരുന്നു. ലാവണ്യയുടെ കഴുത്തിന് പുറകിലും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലുമാണ് കടിയേറ്റത്.
രണ്ട് ദിവസം മുമ്പ് ആശുപത്രി വിട്ട് വീട്ടിൽ ചികിത്സയിലായിരുന്ന ലാവണ്യ ചൊവ്വാഴ്ചയാണ് മരിച്ചത്. നായയുടെ ആക്രമണത്തിനിരയായ മറ്റ് കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്. നായയെ അന്നു തന്നെ നാട്ടുകാര് കൊന്നിരുന്നു.