മംഗളൂരു: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ യാത്രാ ട്രെയിനുകള്‍ വരുന്ന ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ചരക്കു വണ്ടി നിര്‍ത്തിയിട്ട് യാത്രാ വണ്ടികളുടെ ഗതാഗതം തടസ്സപ്പെട്ട സംഭവത്തിന് ഉത്തരവാദി പാലക്കാട് ഡിവിഷന് ആസ്ഥാനത്തെ നിയന്ത്രണ കേന്ദ്രം. പാലക്കാട് ഡിവിഷനില്‍ കണ്ണൂരിനു വടക്കുള്ള ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കുന്ന സെക്ഷന്‍ കണ്ട്രോളില് നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ചരക്കു വണ്ടി ഇവിടെ നിര്‍ത്തിയിട്ടത് എന്നാണ് വിവരം.
മെയ് 19ന് പുലര്‍ച്ചെ 2 മണിയോടെയാണ് ചരക്കു വണ്ടി മംഗളൂരു ഭാഗത്തു നിന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വളപട്ടണത്തേക്ക് സിമന്റുമായി പോവുകയായിരുന്നു ഇത്. ട്രെയിന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ട് ഇതിന്റെ എന്ജിന് വേര്‍പെടുത്തി ഇതുമായി ലോക്കോ പൈലറ്റ് മംഗളൂരു ജംങ്ഷനിലേക്ക് തിരികെ പോവുകയായിരുന്നു. തുടര്‍ന്ന് യാത്രാ ട്രെയിനുകളുടെ ഗതാഗതം അടക്കം തടസ്സപ്പെട്ടതോടെ സംഭവം വിവാദമായി. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയി എന്ന രീതിയില്‍ വാര്‍ത്തകളും വന്നു. എന്നാല്‍, ഈ മേഖലയിലെ ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കുന്ന കേന്ദ്രത്തിലുണ്ടായ ആസൂത്രണപ്പിഴവാണ് ചരക്കു വണ്ടി ഒന്നാം പ്ലാറ്റ് ഫോമില്‍ 10 മണിക്കൂറോളം നിര്‍ത്തിയിടാനും യാത്രാ വണ്ടികളുടെ അടക്കം ഗതാഗതം തടസപ്പെടാനും വഴിയൊരുക്കിയത് എന്നാണ് വ്യക്തമാകുന്നത്.
കണ്ണൂര്‍ മുതല്‍ മംഗളൂരു പനമ്പൂര്‍, തോക്കൂര്‍ വരെയുള്ള മേഖലകളില്‍ ട്രെയിനുകളുടെ നീക്കം മുഴുവന്‍ നിയന്ത്രിക്കുന്നത് പാലക്കാട് ഡിവിഷന് ആസ്ഥാനത്തെ ഒരു സെക്ഷന്‍ കണ്ട്രോള് എന്ന കേന്ദ്രതത്തില് നിന്നാണ്. ഇവിടെ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ചരക്കു വണ്ടി ഒന്നാം പ്ലാറ്റ് ഫോമില്‍ കയറ്റിയതും നിര്‍ത്തിയിട്ടതും. സെക്ഷന്‍ കണ്ട്രോളില് നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ചരക്കു വണ്ടി ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കയറാന്‍ സ്റ്റേഷന് മാസ്റ്റര്‍ സിഗ്നല്‍ നല്‍കിയത്. ഇതിന്റെ ഡീസല്‍ എന്ജിന് വേര്‍പെടുത്തി അതുമായി മംഗളൂരു ജംങ്ഷനിലേക്ക് മടങ്ങാന്‍ പാലക്കാട് സെക്ഷന്‍ കണ്ട്രോളില് നിന്നുള്ള നിര്‍ദേശ പ്രകാരം സ്റ്റേഷന് മാസ്റ്റര്‍ ലോക്കോ പൈലറ്റിന് രേഖാമൂലം നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചരക്കു വണ്ടിയുടെ എന്ജിന് വേര്‍പെടുത്തി അതുമായി ലോക്കോ പൈലറ്റ് മംഗളൂരുവിലേക്ക് മടങ്ങിയത്. പകരം മറ്റൊരിടത്ത് ഉപയോഗിക്കുകയായിരുന്ന ഇലക്രടിക് എന്ജിന് എത്തിക്കാനും സെക്ഷന്‍ കണ്ട്രോളില് നിന്നു നിര്‍ദേശിച്ചു. ഇതു പ്രകാരം എത്തിച്ച ഇലക്ട്രിക് എന്‍ജിനില്‍ ഉണ്ടായിരുന്ന ലോക്കോ പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞിരുന്നു. ഇതോടെ, ഇലക്ട്രിക് എന്ജിന് ചരക്കു വണ്ടിയില്‍ ഘടിപ്പിച്ച് ഓഫ് ചെയ്തിട്ട ശേഷം വിശ്രമിക്കാനായിരുന്നു ഇതിന്റെ ലോക്കോപൈലറ്റിനു നല്കിയ നിര്‍ദേശം. ഇതനുസരിച്ച് വൈദ്യുത എന്ജിന് ചരക്കു വണ്ടിയില്‍ ഘടിപ്പിച്ച് ഓഫ് ചെയ്ത ശേഷം, പിന്നീടു വന്ന ട്രെയിനില്‍ ലോക്കോപൈലറ്റ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയിലേക്ക് പോവുകയും ചെയ്തു. കാഞ്ഞങ്ങാട് നിര്‍ത്തിയിട്ട ചരക്കു വണ്ടി വളപട്ടണത്ത് എത്തിക്കുന്നതിനായി മംഗളൂരു, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം ലോക്കോ പൈലറ്റുമാരെ തിരക്കിയെങ്കിലും ഡ്യൂട്ടിയില്‍ ഉള്ള ആരെയും ലഭിച്ചില്ല. ഇതോടെയാണ് ട്രെയിന്‍ മണിക്കൂറുകള്‍ നിര്‍ത്തിയിടേണ്ടി വന്നത്. ഒടുവില്‍ മംഗളൂരു സെന്‍ട്രലില്‍ വിശ്രമ സമയം കഴിഞ്ഞെത്തിയ ലോക്കോ പൈലറ്റ് കാഞ്ഞങ്ങാട് എത്തിയ ശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. ആവശ്യത്തിന് ലോക്കോപൈലറ്റുമാരെ നിയമിക്കാത്തതു മൂലം റെയില്‍വേയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുന്ന സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ചരക്കു വണ്ടികള്‍ ആയതിനാല്‍ പൊതുജനം അറിയാറില്ലെന്നു മാത്രം. പ്ലാറ്റ് ഫോം ഇല്ലാത്ത രണ്ടാമത്തെ ട്രാക്കിലും (മെയിന്‍ ലൈന്‍) രണ്ടാം പ്ലാറ്റ്ഫോമിനോടു ചേര്‍ന്ന മൂന്നാം ട്രാക്കിലും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ചരക്കു വണ്ടി ട്രാക്കില്‍ ട്രാക്കില്‍ പിടിച്ചിട്ടത് എന്നാണ് റെയില്‍വേ അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍, ഇത് മൂന്നാം പ്ലാറ്റ് ഫോമിനോടു ചേര്‍ന്ന് നാലാം ട്രാക്കില്‍ പിടിച്ചിട്ടിരുന്നെങ്കില് മറ്റു ട്രെയിനുകളെ ബാധിക്കുമായിരുന്നില്ല. എന്നാല്‍, ഒന്നാം പ്ലാറ്റ് ഫോമില്‍ പിടിച്ചിടാനാണ് ഡിവിഷന് ആസ്ഥാനത്തെ സെക്ഷന്‍ കണ്ട്രോളില് നിന്നു ലഭിച്ച നിര്‍ദേശം എന്നാണ് റെയില്‍വേ ജീവനക്കാര്‍ പറയുന്നത്. മൂന്നാം പ്ലാറ്റ് ഫോമില്‍ പിടിച്ചിടാതെ ഒന്നാം പ്ലാറ്റ് ഫോമില്‍ പിടിച്ചിടാനുള്ള സെക്ഷന്‍ കണ്ട്രോളില് നിന്നുള്ള ഈ നിര്‍ദേശമാണ് നിരവധി ട്രെയിനുകളെയും യാത്രക്കാരെയും വലച്ചതും.