മംഗളൂരു : മംഗളൂരുവില്‍ നിന്നുള്ള കുപ്രസിദ്ധ കുറ്റവാളി ഫിലിപ്പൈന്‍സില്‍ പിടിയിലായതായി വിവരം. അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്റെയും രവി പൂജാരിയുടെയും കൂട്ടാളിയായ കുപ്രസിദ്ധ ഗുണ്ടാസംഘാംഗം സുരേഷ് പൂജാരിയെയാണ് ഫിലിപ്പൈന്‍സില്‍ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകള്‍ വരുന്നത്.
ചോട്ടാ രാജന്റെയും രവി പൂജാരിയുടെയും വിശ്വസ്തനായ ശേഷം സുരേഷ് സ്വന്തമായി ഒരു സംഘം രൂപീകരിച്ചതായി പറയപ്പെടുന്നു. ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ മുഖ്യപ്രതിയാണ് സുരേഷ് പൂജാരി. പത്ത് വർഷം മുമ്പ് അദ്ദേഹം രവി പൂജാരി സംഘത്തിൽ നിന്ന് അകലുകയും റഫിയൻസ് എന്ന പേരില്‍ സ്വന്തം സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. വ്യവസായികളോടും മറ്റും പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ വധഭീഷണി മുഴക്കുകയും ചെയ്തതടക്കമുള്ള കേസുകള്‍ ഇയാള്‍ക്ക് എതിരെയുണ്ട്. കർണാടകയില്‍ മാത്രമല്ല, മഹാരാഷ്ട്ര അടക്കം മറ്റ് സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
ഒന്നിനു പിറകെ ഒന്നായി കേസുകള്‍ വന്നതോട ഒളിവില്‍ പോയ സുരേഷ് പൂജാരി രാജ്യം വിടുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്. പിടിയിലായ സുരേഷ് പൂജാരിയെ ഇന്ത്യക്ക് കൈമാറുന്നതു സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.