മംഗളൂരു: ബിജെപി അംഗങ്ങളുടെ പിന്തുണയോടെ തലപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി എസ്ഡിപിഐ നേതാവ് ടി.ഇസ്മയിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇത് തുടര്‍ച്ചയായ രണ്ടാം തണയാണ് ഇസ്മയില്‍ പ്രസിഡണ്ട് ആകുന്നത്. ബിജെപിയിലെ പുഷ്പവതി ഷെട്ടി എതിരില്ലാതെ വൈസ്പ്രസിണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.
അപ്രതീക്ഷിതമായ സംഭവവികാസങ്ങളില്‍, രണ്ട് ബിജെപി അംഗങ്ങള്‍ പിന്തുണച്ചതാണ് എസ്ഡിപിഐ നേതാവിനെ പ്രസിഡണ്ട് സ്ഥാനത്ത് എത്തിച്ചത്. ബിജെപിയുടെ സത്യരാജ് ആയിരുന്നു എതിര് സ്ഥാനാര്‍ഥി. പഞ്ചായത്തിലെ 24 വാർഡുകളില്‍ ബിജെപി- 13, എസ്ഡിപിഐ- 10, കോൺഗ്രസ്-1 എന്നിങ്ങനെയാണ് കക്ഷിനില. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം വൈഭവ് വൈ.ഷെട്ടി വിട്ടു നിന്നു. ഉംറയ്ക്കു പോയതിനാൽ എസ്ഡിപിഐയിലെ ഡി.വി.ഹബീബ യും വോട്ടു ചെയ്യാനെത്തിയില്ല. 13 ബിജെപി അംഗങ്ങളും 9 എസ്ഡിപിഐ അംഗങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ഇതോടെ ബിജെപി വിജയം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ ഇസ്മയിലിനും സത്യരാജിനും 11 വീതം വോട്ടുകളാണു ലഭിച്ചത്. തുടര്‍ന്ന് നറുക്കെടുത്താണ് ഇസ്മയിലിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.
ഭരണ സമിതി തെരഞ്ഞെടുപ്പില്‍ സ്ഥലത്തുള്ള 9 എസ്ഡിപിഐ അംഗങ്ങളും 1 കോണ്‍ഗ്രസ് അംഗവും ഒന്നിച്ചു നിന്നാല്‍ പോലും 1 പേരുടെ പിന്തുണയുള്ള ബിജെപിക്ക് വിജയിക്കാന്‍ സാധിക്കും. ഇതോടെ ബിജെപിയുടെ സത്യരാജ് പ്രസിഡണ്ട് ആകുമെന്ന് ഉറപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുന്നതിനായി ഹാരം അടക്കമുള്ളവയുമായി പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തിയിരുന്നു. എന്നാല്‍, 2 ബിജെപി അംഗങ്ങള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുകയും അതു വഴി പ്രസിഡണ്ട് സ്ഥാനം എസ്ഡിപിഐക്ക് ലഭിക്കുകയും ചെയ്തത് അറിഞ്ഞതോടെ പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലായി. പാര്‍ട്ടി അംഗങ്ങള്‍ എതിര് പക്ഷത്തിനു വോട്ടു ചെയ്തത് അണികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനും വഴിയൊരുക്കിയിട്ടുണ്ട്.