ഉഡുപ്പി: പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്പിക്കാന് ശ്രമിച്ചെന്ന് ആരോപിച്ച് മുൻ എം.എൽ.എയും ബിജെപി നേതാവുമായ രഘുപതി ഭട്ടിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തതായി ബി.ജെ.പി ഉഡുപ്പി ജില്ലാ പ്രസിഡൻറ് കിഷോർ കുമാർ കുന്ദാപൂർ അറിയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതെ വന്നതോടെ രഘുപതി ഭട്ട് പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്പിക്കാന് ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണു നടപടിക്ക് ശിപാര്‍ശ ചെയ്തത്.
"രഘുപതി ഭട്ട് പാർട്ടിയിലും രാഷ്ട്രീയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും എല്ലാ ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചു. ഇതേ തുടര്‍ന്ന് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരെ അദ്ദേഹം നടത്തിയ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. അച്ചടക്ക നടപടിക്കായി സംസ്ഥാന കമ്മിറ്റിക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ട്.- കിഷോര്‍ കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. രഘുപതി ഭട്ടുമായുള്ള ചില ജില്ലാ കമ്മിറ്റി അംഗങ്ങളുടെ ഇടപെടലിനെക്കുറിച്ച് സംസാരിച്ച കിഷോർ കുമാർ, രഘുപതി ഭട്ടിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുകഴിഞ്ഞാൽ, അദ്ദേഹവുമായി ബന്ധപ്പെട്ട് വിമത നീക്കം നടത്തിയ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടിയെടുക്കുംമെന്നും കൂട്ടിച്ചേർത്തു.
രഘുപതി ഭട്ട് 24 മണിക്കൂറിനുള്ളിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കാർക്കള എംഎൽഎയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുനിൽ കുമാർ പറഞ്ഞു.