സേലം, നവംബർ 12 : ട്രെയിനിനു മുകളിൽ പാറക്കൂട്ടം ഇടിഞ്ഞ് വീണ് കണ്ണൂർ-ബെംഗളൂരു യശ്വന്ത്പുര എക്സ്പ്രസ് (07390) പാളം തെറ്റി. കാര്യമായ ആളപായമില്ല. ഇന്ന് പുലർച്ചെ തമിഴ്നാട് ധർമപുരി ധർമപുരിക്കടുത്താണ് അപകടം.
വ്യാഴാഴ്ച വൈകിട്ട് കണ്ണൂരിൽ നിന്ന് പാലക്കാട്, സേലം വഴി യശ്വന്ത്പുരയിലേക്ക് പുറപ്പെട്ട ട്രെയിനാണ് ഇന്ന് പുലർച്ചെ അപകടത്തിൽ പെട്ടത്. സേലത്തു നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ തോപ്പൂരു റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് ശിവദി എത്തുന്നതിന് മുമ്പായി ചുരം മേഖലയിലാണ് അപകടം. ട്രെയിനിന്റെ 7 കോച്ചുകൾ പാളം തെറ്റി. ട്രെയിൻ കടന്നു പോകവേ സമീപത്തെ കുന്നിൽ നിന്ന് പാറക്കല്ലുകൾ ഇടിഞ്ഞു വീഴുകയായിരുന്നു. കമ്പാർട്ടുമെന്റിന്റെ ചില്ലുകൾ തകരുകയും സീറ്റുകൾക്ക് ഇളക്കം തട്ടുകയും ചെയ്തിട്ടുണ്ട്.
യാത്രക്കാർക്ക് അപകടം പറ്റിയിട്ടില്ലെന്നും പാളം തെറ്റാത്ത കോച്ചുകളിലും ബസുകളിലുമായി യാത്രക്കാരെ തിരികെ സേലത്ത് എത്തിച്ചതായും ഇവരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.