മംഗളൂരു : അനധികൃതമായി തോക്കും വെടിയുണ്ടകളും കൈവശം വെച്ച 2 മലയാളികൾ മംഗളൂരുവിൽ പിടിയിൽ. കാസര്‍കോട് മഞ്ചേശ്വരം കടമ്പാർ മൂർത്താനയിലെ മുഹമ്മദ് അസ്കർ(26), മഞ്ചേശ്വരം മൂഡംബയലിലെ അബ്ദുൾ നിസാർ(29) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കേരള-കർണാടക അതിർത്തിയിൽ തലപ്പാടിക്കടുത്ത പിലിക്കൂറിൽ ഇവർ പിടിയിലായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു. പിസ്റ്റൾ, 2 വെടിയുണ്ടകൾ, 2 മൊബൈൽ ഫോണുകൾ, സഞ്ചരിച്ച കാർ എന്നിവ പിടിച്ചെടുത്തു. ഉള്ളാൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പിടിയിലായ മുഹമ്മദ് അസ്കറിനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ വിവിധ വകുപ്പുകളിലായി 8 കേസുകൾ നിലവിലുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ വ്യക്തമാക്കി. സിസിബി എസിപി ഗീത കുർക്കർണിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ശ്യാം സുന്ദർ, എസ്ഐ എം.വി.സുധീപ് എന്നിവരും സംഘവുമാണ് പ്രതികളെ പിടികൂടിയത്.